മകൾ

അവളുടെ ഫോൺ വീണ്ടും മുഴങ്ങി. 8835… എന്നു തുടങ്ങുന്ന ആ പത്തക്ക നംബർ അതിൽ തെളിഞ്ഞു. അവൾക്കു ആ കാൾ ‘അറ്റന്റ്’ ചെയ്യാൻ പറ്റുന്നതിനു മുൻപു അവളുടെ അച്ഛൻ ഫോൺ പിടിച്ചുവാങ്ങി ‘സിം’ ഊരി ഒടിച്ചു കളഞ്ഞു.

“എനിക്കൂ നിന്നോടു നിന്നു കാര്യം പറയാൻ നേരമില്ല!” അതും പറഞ്ഞ് അച്ഛൻ ഇറങ്ങിപ്പോയി.

അവൾക്കു വല്ലാത്ത സങ്കടവും ദേഷ്യവും തോന്നി. ഓടി മുറിയിൽ കയറി കതകടച്ചു. പക്ഷെ കിടക്കയിൽ വീണു കരഞ്ഞില്ല. പകരം ഉടുപ്പിനിടയിൽ ഒളിച്ചു വച്ചിരുന്ന, ‘അവൻ’തന്ന, ‘അവൻ’ മാത്രം വിളിക്കാറുള്ള, ഫോൺ എടുത്ത് ആ പത്തക്ക നംബർ അമർത്തി, വാതിലിൽ ആ വാതിലിൽ എന്നുള്ള അവന്റെ കാളർ ടോണും കേട്ടു നിശബ്ദയായ്, ഉദ്വേഗഭരിതയായ്, ഇരുന്നു.

‘അവൻ’ എടുത്തു.

“സുനിൽ! ഞാനെന്താ ചെയ്യേണ്ടത്? അച്ഛനിനി എന്നെ കോളേജിലേക്കു വിടുന്നില്ലെന്നു!”

“നീ സമാധാനമായിട്ടിരിക്ക്. രണ്ടു ദിവസത്തിനുള്ളിൽ ഞാൻ നിന്നെ അവിടുന്നു ചാടിക്കാം!”

“ഉം……”

അവൾ രാത്രി വൈകുവോളം ഫോണിൽ സംസാരിച്ചിരുന്നു. അമ്മ വന്നു വിളിച്ചപ്പോൾ കഴിക്കാൻ പോയില്ല. അവൾ കരഞ്ഞുറങ്ങി എന്നു കരുതി അമ്മ പോയി.

അമ്മയുടെ കാര്യം അത്രയേ ഉള്ളു. അച്ഛനെ കൈകാര്യം ചെയ്യുന്നിടത്താണു പ്രശ്നം. അന്നുതന്നെ, അച്ഛൻ വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ടാണു അവൾക്കു സുനിലുമായ് അത്രയും നേരം സംസാരിച്ചിരിക്കാൻ കഴിഞ്ഞത്. അല്ലെങ്കിൽ, ഈ അവസരത്തിൽ, അച്ഛൻ അവളെ തന്റെ കൺവെട്ടത്തു നിന്നു മാറാൻ സമ്മതിക്കില്ലായിരുന്നു. ഇളയച്ഛനു സുഖമില്ലാത്തതുകൊണ്ടു ആശുപത്രിയിൽ കൂട്ടുനില്ക്കാൻ പോയിരിക്കുകയാണു അച്ഛൻ.

കഴിഞ്ഞ ബുധനാഴ്ചയാണു കാര്യം പുറത്താകുന്നതു. എങ്ങനെയെന്നറിയില്ല. ഹോസ്റ്റലിലായിരുന്നതുകൊണ്ടു ആ മൂന്നു ദിവസവും രക്ഷയുണ്ടായിരുന്നു. പക്ഷേ, മനസ്സമാധാനം തീരെയില്ലായിരുന്നു. ഫോണിന്റടുത്തുനിന്ന് മാറാൻ നേരമില്ലായിരുന്നു. അച്ഛനും സുനിലും മാറിമാറി വിളിക്കുകയായിരുന്നു. അച്ഛനോടു എന്തുപറയണമെന്നു നിശ്ചയമില്ലായിരുന്നു. വിട്ടുതരാൻ കൂട്ടാക്കുന്നില്ലായിരുന്നു അച്ഛൻ.  എന്നാലും ഒരു പ്രതീക്ഷയുണ്ടായിരുന്നു. കാരണം അച്ഛൻ പൊതുവെ ശാന്തസ്വഭാവിയാണു, ചില കടുമ്പിടുത്തങ്ങൾ ഒക്കെ ഉണ്ടെങ്കിലും!  മാത്രമല്ല ഈ മൂന്നു ദിവസവും അച്ഛൻ തന്നോടു വളരെ സൗമ്യമായി തന്നെയായിരുന്നു സംസാരിച്ചിരുന്നത്. വലിയ ദേഷ്യമൊന്നും കാണിച്ചിരുന്നില്ല. തന്റെ അഗ്രഹത്തിനു വഴങ്ങും എന്നു തോന്നിപ്പോയി. അതുവച്ചു, ഇന്നലെ തിരിച്ചു വീട്ടിലേക്കു വരുമ്പൊൾ സാധാരണപോലെ വെറുതെ അതുമിതും സംസരിക്കാൻ തുടങ്ങിയതാണു. അച്ഛൻ തട്ടിക്കയറി! അച്ഛന്റെ കാര്യം ഒന്നും താനറിയേണ്ടതില്ല എന്നു പറഞ്ഞു. എന്തിനാ അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്നു ചോദിച്ചു!

“അച്ഛന്റെ ഒരു കാര്യവും താനറിയേണ്ടതില്ല”. ഇതുവരെ അങ്ങനായിരുന്നില്ല. താനായിരുന്നു അച്ഛന്റെ എല്ലാമെല്ലാം. “എന്തിനാ അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്” എന്ന്….

ഇതുവരെ അച്ഛൻ അവളോടു ശുണ്ഠിയെടുത്തിട്ടില്ല. ഇതാദ്യമായിട്ടാണു ഇങ്ങനെ സംഭവിക്കുന്നതു…. അച്ഛനു അത്രയും വിഷമമായോ?….. പക്ഷേ തനിക്കെത്ര വിഷമമുണ്ടായിട്ടുണ്ടാകും എന്ന് അച്ഛൻ ആലോചിച്ചോ?! വേണ്ടാ! അതിന്റെ ഫലം നാളെ മനസ്സിലാക്കും……

അച്ഛാ. സുനിലില്ലാതെ എനിക്കു കഴിയാനാവില്ല. ഞാൻ ചത്തുപോകും. ഞാനങ്ങനെ വിഷമിച്ചിരിക്കുന്നതു കണ്ടാൽ അച്ചനും സഹിക്കില്ല…. അച്ഛനെ വിഷമിപ്പിക്കാൻ എനിക്കും തോന്നുന്നില്ല.അതുകൊണ്ടാണു ഞാനിതു ചെയ്യുന്നത്. അച്ഛന്റെ വിഷമം കുറയ്ക്കാൻ, കൂടുതൽ വിഷമം ഉണ്ടാകാതിരിക്കാൻ, വേണ്ടിയാണു. എന്നാലും…. സുനിൽ നല്ല മനുഷ്യനാണു. അച്ഛനറിയാത്തതുകൊണ്ടാണു. എനിക്കു അവന്റെ കൂടെ സുഖമായിരിക്കും. അച്ഛനീ വട്ടം ക്ഷമിക്കണം……

 

 

രാവിലെ ലാന്റ്ലൈനിന്റെ ശബ്ദം കേട്ടാണു അവൾ ഉണർന്നതു. “മോളേ! മോളേ നീ എഴുന്നേറ്റോ? വാതിൽ തുറക്ക്. അച്ഛനാ വിളിച്ചതു.”

അനക്കമില്ല.

“മോളേ…”

അമ്മയുടെ ശബ്ദം ഇടറിയിരിക്കുന്നു.

“നിന്റെ…. ഇളയച്ഛൻ മരിച്ചെന്ന്”

‘ഏന്തു??’ അവൾ ചാടിയെണീറ്റു. തലയിലേക്ക് എന്തൊക്കെയൊ അരിച്ചു കേറുമ്പോലെ അവൾക്കു തോന്നി. തല കറങ്ങുന്നു. അവൾ മെത്തയിലേക്ക് തിരിച്ചു വീണു കരയാൻ തുടങ്ങി. ഏങ്ങിയേങ്ങി…..

അവൾ കരയുന്നതു കേട്ടിട്ട് ഉണർന്നെന്നു മനസ്സിലാക്കിയാകണം വേഗം കുളിച്ചൊരുങ്ങിയിറങ്ങാൻ പറഞ്ഞ് അമ്മ അപ്പുറത്തേക്കു പോയി.

‘അയ്യോ! അച്ഛനെന്തായിക്കാണും! ഒരേയൊരനിയനല്ലേ? എങ്ങനെ സഹിക്കും? ഈ ഷോക്ക് അച്ഛനു താങ്ങാനയില്ലെങ്കിൽ….. അയ്യയ്യോ! അങ്ങനെ ചിന്തിക്കണ്ടാ! ഒന്നു വിളിക്കണമല്ലോ. അച്ഛനു എന്നെയാണു ഏറ്റവും ഇഷ്ടം. അതുകൊണ്ടുതന്നെ ഉറപ്പായും വിളിക്കണം. ആശ്വസിപ്പിക്കണം. പക്ഷെ ഞാൻ വിളിച്ചാൽ… ഇന്നലത്തെ ദേഷ്യം വല്ലതും കാണിക്കുമോ? നീ എന്തിനാ അന്വേഷിക്കുന്നത് എന്നു ചോദിക്കുമോ? അങ്ങനെ ഒന്നു താങ്ങാനാവില്ല എനിക്ക്! എനിക്കു പിന്നെ ജീവിക്കാനാകില്ല!

‘അയ്യോ മരുന്നെടുത്തു കാണുമോ? പ്രെഷർ ഉള്ളതാ. ഭഗവാനേ!

’പണ്ടേ പറയാറുള്ളതാ അച്ഛന്റെ വീട്ടിലുള്ളവർക്കൊന്നും അധികം ആയുസ്സില്ലെന്നു. അപ്പുപ്പൻ 65 വയസ്സായപ്പോൾ മരിച്ചു. ഇളയച്ഛനു 55 തികഞ്ഞിട്ടില്ലായിരുന്നു. അച്ഛനാണെങ്കിൽ 66….

‘അച്ഛനിപ്പോൾ ഒട്ടും വയ്യ. പ്രമേഹമായിരുന്നല്ലോ വില്ലൻ. പണ്ടെന്തുപോലെ ഓടിനടന്നതാ…. ഇന്നലെ വഴക്കു പറഞ്ഞപ്പോൾ ശ്രദ്ധിച്ചതാണു. ശബ്ദം ചെറുതായിരിക്കുന്നു. പഴയ ഗാംഭീര്യം ഒക്കെ പോയിരിക്കുന്നു! ഇപ്പൊ ഒന്നിനും വയ്യാതിരിക്കുന്നു.
ശരീരം സൂക്ഷിക്കില്ല. ഞാനോ അമ്മയൊ ഇല്ലെങ്കിൽ ഭക്ഷണം പോലും നോക്കാതെ തോന്നിയപോലങ്ങു നടന്നേക്കും! വയസ്സ് ഇത്രയും ആയിട്ടും…….’

നിറഞ്ഞൊഴുകിയ കണ്ണുനീർ വകഞ്ഞു മാറ്റിക്കൊണ്ടു അവൾ വീട്ടിലെ ഫോണിനടുത്തേക്കോടി. ഒരു ശീലത്തിന്റെ പുറത്ത് ആ മൊബൈലും ഒരു കയ്യിലെടുത്തു.

അവൾ ലാന്റ്ഫോണെടുത്തൂ. പെട്ടന്നു മടിച്ചു തിരിച്ചു വച്ചൂ. പക്ഷേ ഉടനേതന്നെ റിസീവർ തിരിച്ചെടുത്തൂ, ചെവിയോടു ചേർത്തു വച്ചൂ. വിറകയ്യാലെ അച്ഛന്റെ മൊബൈൽ നംബർ അമർത്തി. ഒത്തിരിനേരം ബെല്ല് അടിച്ചതിനു ശേഷം അച്ചൻ ഫോൺ എടുത്തു.

“ഹലോ?”

“അച്ഛാ…”

“ആ….. ഇളയച്ഛൻ……” അച്ഛന്റെ ശബ്ദം ചെറുതായിരുന്നു.

“ഞാനറിഞ്ഞൂ.”

അതിനുശേഷം അവൾക്കൊന്നും മിണ്ടാനായില്ല. അവൾ ഏങ്ങിക്കരഞ്ഞു.

“മണീ. കരയാതെ.”

മണി, അവളെ സ്നേഹത്തോടെ എല്ലാരും വിളിക്കുന്ന പേരാണു.

“കരയാതെ കുട്ടീ. കരഞ്ഞിട്ടെന്തു കാര്യം?…. ഇത്രേ ഉള്ളു നമ്മുടെ ഒക്കെ കാര്യം…..”

അവൾക്കവിടെ വീണു കിടന്നു കരയാൻ തോന്നി.

“ഞാനിപ്പോൾ ആംബുലൻസിലാണു. ഇളയച്ഛനെ തറവാട്ടിലേക്കു കൊണ്ടു പോവുകയാണു. പെട്ടന്നൊരുങ്ങി അമ്മയേയും കൂട്ടി അങ്ങോട്ടു വാ. ഫോൺ വച്ചോളു. ഞാൻ പിന്നെ വിളിക്കാം.”

അവൾക്കൊന്നും പറയാനായില്ല. കരഞ്ഞു കഴിഞ്ഞാൽ ഇങ്ങനാണു. മൂക്കും തൊണ്ടയും കേറിയങ്ങടയും. അവൾ മെല്ലെ ഫോൺ വച്ചു. മറുവശത്തു അച്ഛൻ കട്ട് ആക്കുന്നതിന്റെ ശബ്ദം കേൾക്കും മുൻപേ വച്ചു.
മുൻപിൽ തുറന്നു കിടക്കുന്ന ജനലിലൂടെ ദൂരത്തെവിടെയോ നോക്കി അവൾ നിന്നു. ഒടുവിൽ കരച്ചിൽ ഒതുങ്ങി.
അമ്മ ഒരുങ്ങി പെട്ടന്നിറങ്ങാൻ വിളിച്ചു. അവൾ അതു കേട്ടു.

പെട്ടന്നു അവളുടെ കയ്യിലെ ഫോൺ മൂളി. ആ പഴയ പത്തക്ക നംബർ… താഴോട്ടു നോക്കാതെ അവൾ പച്ച ബട്ടൺ അമർത്തി, ഫോൺ ചെവിയിൽ വച്ചു. യന്ത്രം കണക്കെ ചോദിച്ചു.

“ആരാ?”

Leave a comment